ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം



ദുബായ് : ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.  2025 മുതൽ 2027 വരെ ദുബായ് 302 ബില്യൻ ദിർഹം വരുമാനം നേടുമെന്നും 272 ബില്യൻ ദിർഹം ചെലവിന് അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതാദ്യമായി 21 ശതമാനം പ്രവർത്തന മിച്ചം കൈവരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ദുബായ് സർക്കാരിന് സാമ്പത്തിക സ്ഥിരത സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ വർഷം പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിനായി 40 ബില്യൺ ദിർഹം മൂല്യമുള്ള ഒരു പോർട്ട്‌ഫോളിയോയും  ആരംഭിച്ചു. അടുത്ത വർഷത്തെ ബജറ്റിന്റെ 46 ശതമാനവും പുതിയ വിമാനത്താവളത്തിന്റെ നിർമാണത്തിന് പുറമെ റോഡുകൾ, പാലങ്ങൾ, ഊർജം, ഒാവുചാൽ ശൃംഖലകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി നീക്കിവച്ചിട്ടുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, പാർപ്പിടം, മറ്റ് സാമൂഹിക സേവനങ്ങൾ എന്നിവയ്ക്ക് ബജറ്റിന്റെ മുപ്പത് ശതമാനം അനുവദിക്കും. ഈ വർഷത്തെ വരുമാനം 90 ബില്യൻ ദിർഹമാണ്.  ഈ മാസം ആദ്യം യുഎഇ മന്ത്രിസഭ 2025 ലെ ഫെഡറൽ ബജറ്റ് 71.5 ബില്യൻ ദിർഹത്തിന് അംഗീകാരം നൽകി. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കൂടിയാണ്.‌‌
أحدث أقدم