പൗരന്റെ വയസ്സ് നിർണിയിക്കാൻ ആധാർ കാർഡിനെക്കാൾ ആധികാരികം സ്കൂൾ സർട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി



ജനനത്തീയതി തെളിയിക്കാൻ ആധാർ ആധികാരിക രേഖയല്ല.സ്കൂൾ സർട്ടിഫിക്കറ്റ് പരിഗണിക്കാതെ ആധാർ കാർഡ് അടിസ്ഥാനപ്പെടുത്തി വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാരം വെട്ടിക്കുറച്ച പഞ്ചാബ് –-ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. 2015-ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ 94–--ാം വകുപ്പ് പ്രകാരം സ്കൂൾ സർട്ടിഫിക്കറ്റിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

2015 ആഗസ്തിൽ ഹരിയാനയിലെ റോത്തക്കിൽ വാഹനാപകടത്തിൽ മരിച്ച സിലക് റാമിന്റെ കുടുംബത്തിന് 2017ൽ ട്രിബ്യൂണൽ 19,35,400 രൂപ നഷ്ടപരിഹാരത്തുകയായി വിധിച്ചിരുന്നു. ഇതിനെതിരെ 2023ൽ ഇൻഷൂറൻസ് കമ്പനി പഞ്ചാബ് –-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇത് 9,22,336 രൂപയായി വെട്ടിക്കുറച്ചു. സ്കൂൾ സർട്ടിഫിക്കറ്റിൽ സിലക്കിന്റെ ജനനത്തിയതി 1970 ഒക്ടോബർ ഏഴ് എന്നാണുള്ളത്. സിലക്കിന് 45 വയസ്സ് മാത്രമേയുള്ളൂ. എന്നാൽ ആധാർ കാർഡിലെ 1969 ജനുവരി 1 കണക്കാക്കി സിലകിന് 47 വയസ്സുണ്ടെന്ന് കാണിച്ചാണ് നഷ്ടപരിഹാരം വെട്ടിക്കുറച്ചത്. ഇതിനെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സ്കൂൾ സർട്ടിഫിക്കറ്റിലെ വയസ്സ് പ്രകാരം പതിനഞ്ച് ലക്ഷം രൂപയും അപ്പീൽ നൽകിയ ദിവസം മുതൽ എട്ടുശതമാനം പലിശയും കുടുംബത്തിന് നൽകാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

أحدث أقدم