പി പി ദിവ്യയെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം…


കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ പി പി ദിവ്യയെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം. യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്നും തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ നേതൃത്വം ദിവ്യയെ ന്യായീകരിക്കുന്നുമുണ്ട്.

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ സിപിഐഎം ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഐഎം പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ന് രാവിലെയാണ് നവീന്‍ ബാബുവിനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു.
أحدث أقدم