നിർമാണം പൂർത്തിയായെങ്കിലും വിവാദങ്ങൾ വിട്ടൊഴിയാതെ വൈക്കം- വെച്ചൂർ റോഡിലെ അഞ്ചുമന പാലം.






വൈക്കം : നിർമാണം പൂർത്തിയായെങ്കിലും വിവാദങ്ങൾ വിട്ടൊഴിയാതെ വൈക്കം- വെച്ചൂർ റോഡിലെ അഞ്ചുമന പാലം. നിർമാണത്തിന്റെ തുടക്കം മുതൽ വിവിധ കാരണങ്ങളാൽ വിവാദമായ പാലത്തിന്റെ നടപ്പാതയുടെ മധ്യത്തിൽ സുരക്ഷാ വലയം സ്ഥാപിച്ചതോടെയാണ് വീണ്ടും വിവാദം ഉയർന്നത്. അശാസ്ത്രീയമായ രീതിയിൽ സുരക്ഷാവേലി സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തമായി.

പരാതി ഉയർന്നതിനെ തുടർന്ന് കെആർഎഫ്ബി (കേരള റോഡ് ഫണ്ട് ബോർഡ്) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ തന്നെ അപാകത കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഡിസൈനിലും പ്ലാനിലും പലതവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഡിസൈനിൽ അപാകത സംഭവിച്ചതാകാം സുരക്ഷാവേലി അശാസ്ത്രീയമായി സ്ഥാപിക്കാൻ കാരണമെന്നാണ് കെആർഎഫ്ബിയുടെ നിഗമനം. വിവരം കിഫ്ബിയെ അറിയിച്ച് അവിടെ നിന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് 2020 ഒക്ടോബറിലാണ് അഞ്ചുമന പാലം പൊളിച്ചുനീക്കിയത്. 1956-ൽ നിർമിച്ച പഴയ പാലത്തിലൂടെ ഒരേസമയം വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ പറ്റാതെ വന്നതോടെയാണ് വൈക്കം- വെച്ചൂർ റോഡിന്റെ ഭാഗമായുള്ള പാലം ഉടൻ നിർമിക്കാൻ തീരുമാനിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 3.31 കോടി രൂപ മുതൽമുടക്കി 18മീറ്റർ നീളത്തിലാണ് നിർമാണം.
പാലം ഒരു വർഷത്തിനകം പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. നിർമാണം നടക്കുന്നതിനിടെ പാലത്തിന് ഉയരം ഇല്ലെന്ന ആദ്യ വിവാദം ഉണ്ടായി. ഇതോടെ നിർമാണം തടസ്സപ്പെട്ടു. കരാർ കാലാവധി കഴിഞ്ഞതോടെ കരാറുകാരനും പിന്മാറി. വീണ്ടും പണികൾ ആരംഭിച്ചെങ്കിലും വെച്ചൂർ പൊലീസ് ഔട്പോസ്റ്റിനു സമീപത്തെ ഒന്നര സെന്റ് സ്ഥലം അപ്രോച്ച് റോഡിന് ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനം ആകാത്തതിനാൽ നിർമാണം നിലച്ചു. കുമരകത്ത് നടന്ന ജി-20 ഉച്ചകോടിയുടെ ഷെർപ്പ സംഗമത്തോട് അനുബന്ധിച്ചു നിർമാണം നിലച്ച പാലം ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് മറച്ചു. ഇതും വിവാദമായി.
സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം കിഫ്ബി എൽഎ തഹസിൽദാർ സമീപന പാതയ്ക്കുള്ള നാല് സെന്റ് സ്ഥലം മൂന്ന് ഉടമകളിൽ നിന്ന് ഏറ്റെടുത്ത് റോഡ് നിർമാണം നടത്തുന്ന കെആർഎഫ്ബി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറി നിർമാണം ആരംഭിക്കുകയായിരുന്നു. നിലവിൽ പാലത്തിന്റെ ഒരുഭാഗം വഴി കോട്ടയത്ത് നിന്നും ബണ്ട് റോഡ് ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

 
أحدث أقدم