ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ അനുകൂലിക്കില്ല: ജോ ബൈഡന്‍



വാഷിങ്ടണ്‍: ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ അനുകൂലിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ പിന്തുണക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലായെന്നായിരുന്നു ബൈഡന്റെ മറുപടി.

ഇറാനുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണില്‍ സംസാരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു ബൈഡന്‍.

ഇസ്രയേലുമായി തിരിച്ചടി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രയേലിന് തിരിച്ചടിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, അത് ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ചാണ് ചര്‍ച്ചകളെന്ന സൂചനയും ബൈഡന്‍ നല്‍കി. ഇക്കാര്യത്തില്‍ ജി7 രാജ്യങ്ങളുമായും യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ജി7 നേതാക്കള്‍ അപലപിച്ചതായും ഇസ്രയേലിനും അവിടുത്തെ ജനങ്ങള്‍ക്കും പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും ബൈഡന്‍ ആവര്‍ത്തിച്ചതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

അതേസമയം ലെബനില്‍ കരയുദ്ധം ആരംഭിച്ചതിന് ശേഷം ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ലെബനാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടത്. 7 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
أحدث أقدم