ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ബെള്ളൂര്‍ നാട്ടക്കല്‍ ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷയാണ് (28) കാസര്‍കോട് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ വച്ച് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.
ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ യുവാവ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവിന്റെ കൈ തട്ടിമാറ്റിയ പെണ്‍കുട്ടിയും കൂടെയുള്ളവരും ബഹളംവച്ചു. ഉടന്‍ തന്നെ ട്രെയിനില്‍ ഉണ്ടായിരുന്നവർ പൊലീസിനെ വിവരം അറിയിച്ചു.തുടർന്ന് പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയുമായി കാസര്‍കോട്ട് ഇറങ്ങുന്നതിനിടെ ഓടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്നു പിടികൂടി.