ലണ്ടന്‍: ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും പ്രയാസങ്ങളുമെല്ലാം എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അവയെല്ലാം ജീവിതമെന്ന വക്കില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും സംഭവിച്ചുപോകുന്നതാണ്. പലപ്പോഴും അവയില്‍ പലതും അനുഭവിക്കുന്നവര്‍ക്ക് മരണത്തേക്കാള്‍ ദുരിതപൂര്‍ണമായും തോന്നാറുണ്ട്. എന്നാല്‍ ഹൃദയാഘാതം ഉണ്ടായി ആശുപത്രിയില്‍ എത്തിയ തോമസ് ഹൂവര്‍ എന്ന യുവാവിന്റെ അനുഭവം അതുക്കും മേലെയാണ്. ഡോക്ടര്‍മാര്‍ അയാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും അവയവങ്ങള്‍ മറ്റുള്ളവര്‍ക്കായി മാറ്റിവയ്ക്കാന്‍ ശാസ്ത്രക്രിയക്ക് ഒരുങ്ങുകയും ചെയ്തു. എല്ലാം പെട്ടെന്ന് നടന്നു.
തോമസിന്റെ ഹൃദയവും മറ്റ് ആന്തരിക അവയവങ്ങളും ഒന്നൊന്നായി എടുത്തുമാറ്റാനായി ഉപകരണങ്ങളും ഡോക്ടര്‍മാരും ചുറ്റുമെത്തി. പരിശോധനയ്ക്കിടയില്‍ അയാളുടെ കണ്ണുനിറഞ്ഞു. ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയെങ്കിലും ശാസ്ത്രക്രിയയുമായി മുന്നോട്ട് പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ചതിനാല്‍ തോമസിന് ചെറിയ അളവില്‍ മാത്രമേ അനസ്‌തേഷ്യ നല്കിയിരുന്നുള്ളൂ. ശസ്ത്രക്രിയ ആരംഭിക്കുന്നതിനിടെ രോഗി വീണ്ടും കണ്ണ് തുറന്നു.
ടേബിളില്‍ കിടന്ന തോമസ് വേദനകൊണ്ട് ഞെരിയുകയും പുളയുകയും ചെയ്തു. ഇത്തവണ ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. ഒട്ടും വൈകാതെ അവര്‍ ശസ്ത്രക്രിയ അവസാനിപ്പിച്ച് രോഗിക്ക് വേണ്ട പരിചരണം നല്‍കി ഗ്ലൗസും മറ്റും ഊരിവെച്ച് പുറത്തേക്കിറങ്ങിയതോടെ തോമസിന്റെ ജീവിതം വീണ്ടും ചലനാത്മകമായി. ഓര്‍മ്മ, നടത്തം, സംസാരം എന്നിവയിലെ ചില പ്രശ്‌നങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ തോമസ് പൂര്‍ണമായും സുഖം പ്രാപിച്ചുവെന്നാണ് സഹോദരി വെളിപ്പെടുത്തുന്നത്.