അപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെ ലങ്കാഷെയറിന് സമീപം ബാംബര്‍ ബ്രിഡ്ജില്‍ വച്ചാണ് സംഭവം നടന്നത്.
വയനാട് സ്വദേശിനിയായ രഞ്ജു ജോസഫ് (30) ആണ് അപകടത്തില്‍പെട്ടത്. യുവതി എട്ടു മാസം ഗര്‍ഭിണി ആയിരുന്നു. സംഭവ സമയത്ത് രഞ്ജു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ അതിവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഞ്ജു വെന്റിലേറ്ററിലാണ്. ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
രണ്ടു വര്‍ഷം മുമ്പാണ് രഞ്ജുവും ഭര്‍ത്താവും സ്റ്റുഡന്റ് വീസയില്‍ യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് നഴ്സിങ് ഹോമില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച രാത്രി പതിവു പോലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകട സമയത്ത് ഭര്‍ത്താവ് ഒപ്പം ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സീബ്രാ ലൈനില്‍ വച്ചാണ് യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്കി.
റോഡ് മുറിച്ചു കടന്നതിന് ശേഷം ഭര്‍ത്താവ് തിരിഞ്ഞു നോക്കുമ്പോഴേക്കും രഞ്ജുവിന് അപകടം സംഭവിച്ചിരുന്നു. തലയിലും വയറിലും ഗുരുതരമായ പരുക്കുകളേറ്റ രഞ്ജുവിനെ അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി ജീവന് രക്ഷിക്കാനുള്ള ശ്രമത്തിലാണ്. FY62 MXC റജിസ്ട്രേഷനുള്ള ഇരുണ്ട ചാരനിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് ലങ്കാഷെയര്‍ പൊലീസ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ബാംബര്‍ ബ്രിഡ്ജില്‍ നിന്ന് പതിനാറും പതിനേഴും വയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, വാഹനം ഇതുവരെയും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.