സുരക്ഷാ വീഴ്ച; റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകള്‍ തിരിച്ചുവിളിക്കുന്നു


ചെന്നൈ: ആവശ്യക്കാര്‍ക്ക് വാഹനങ്ങള്‍ വില്‍ക്കുന്നതിനൊപ്പം വില്‍പ്പനാനന്തര സേവനങ്ങളിലും റോയലായ എന്‍ഫീല്‍ഡ് തങ്ങളുടെ വണ്ടികളില്‍ ഒരു വിഭാഗത്തെ തിരിച്ചു വിളിക്കുന്നു. സുരക്ഷ മുന്‍കരുതലെന്ന നിലയില്‍ ഇപ്പോള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിറ്റ ചില മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിച്ചിട്ടുള്ളത്.

2022 നവംബറിനും 2023 മാര്‍ച്ചിനും ഇടയില്‍ നിര്‍മ്മിച്ച ബൈക്കുകളെയാണ് സുരക്ഷാ പ്രശ്‌നങ്ങളാല്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. നിലവില്‍ ബ്രാന്‍ഡിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള 11 മോട്ടോര്‍സൈക്കിളുകളും തിരിച്ചുവിളിക്കലിന് വിധേയമാണ്. എന്നിരുന്നാലും വളരെ കുറഞ്ഞ അളവിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ മാത്രമേ ഈ പ്രശ്നം കാണിച്ചിട്ടുള്ളൂവെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കുന്നത് എന്‍ഫീല്‍ഡിന്റെ ആരാധകര്‍ക്കും ഉപയോക്താക്കള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ്.

മോട്ടോര്‍സൈക്കിളുകളുടെ പിന്‍ഭാഗത്തും വശങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന റിഫ്‌ളക്ടറുകളിലാണ് സുരക്ഷാ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുകളില്‍ പറഞ്ഞ കാലയളവില്‍ നിര്‍മിക്കപ്പെട്ട മോട്ടോര്‍സൈക്കിളുകളില്‍ ഉപയോഗിച്ചിരിക്കുന്ന റിഫ്ളക്ടറുകള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാനിടയില്ലെന്നാണ് കമ്പനി പറയുന്നത്. സുരക്ഷയും സുഗമമായ റൈഡും ഉറപ്പുവരുത്തുന്നതിനായാണ് ഈ ഭാഗം സൗജന്യമായി മാറ്റി നല്‍കുന്നത്. പരിശോധനയ്ക്കും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും ഏകദേശം 15 മിനിറ്റ് മാത്രമേ എടുക്കൂവെന്നും കമ്പനി ഉറപ്പുനല്‍കുന്നു.

തകരാറുള്ള റിഫ്ലക്ടറുകള്‍ കുറഞ്ഞ വെളിച്ചത്തില്‍ മതിയായ ദൃശ്യപരത നല്‍കാന്‍ സാധ്യതയില്ലാത്തതിനാല്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. ഇതിന് പരിഹാരമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഉടമകളെ നേരിട്ട് ബന്ധപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. പരിശോധനയ്ക്കും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കുമായി അവരുടെ വാഹനങ്ങള്‍ അംഗീകൃത സര്‍വീസ് സെന്ററുകളിലേക്ക് കൊണ്ടുവരാനാണ് കമ്പനി ആവശ്യപ്പെടുന്നത്.

ഇന്ത്യയില്‍ മാത്രമല്ല, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ബ്രസീല്‍, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ലണ്ടന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലും ബൈക്കുകളുടെ തിരിച്ചുവിളി ബാധിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് പൈതൃകം പേറുന്നതും ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നുമായ റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡ് ഇപ്പോള്‍ ഇന്ത്യന്‍ കമ്പനിയായ ഐഷന്‍ മോട്ടോര്‍സിന്റെ സ്വന്തമാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃ കമ്പനിയായ ഐഷര്‍ മോട്ടോര്‍സ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്ത കോര്‍പ്പറേറ്റ് ഫയലിംഗിലൂടെയാണ് തിരിച്ചുവിളിയെ കുറിച്ച് വെളിപ്പെടുത്തിയത്.
ഗുണനിലവാരത്തിനും ഉപഭോക്തൃ സേവനത്തിലുമുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആഗോള തലത്തിലുള്ള തങ്ങളുടെ വാഹനങ്ങളുടെ ഈ തിരിച്ചുവിളി. മോട്ടോര്‍സൈക്കിളിലെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിച്ച് ഉപഭോക്താക്കളെ സുരക്ഷിതമാക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

'

أحدث أقدم