അടിമാലി കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി കൗമാരക്കാർ എക്സൈസ് ഓഫിസിൽ.ചേട്ടാ തീപ്പെട്ടിയു ണ്ടോ കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർഥികളെത്തിയത് അടിമാലി എക്സൈസ് എൻഫോഴ്സസ്മെന്റ് സ്ക്വാഡ് ഓഫിസിൽ. തൃശൂരിലെ സ്കൂളിൽ നിന്നു മൂന്നാറിലേക്ക് ടൂർ വന്ന വിദ്യാർഥി സംഘത്തിലെ ചിലരാണ് എക്സൈസ് ഓഫിസ് ആണെന്നറിയാതെ തീ തേടിയിറങ്ങി കുടുങ്ങിയത്.
മുറിക്കുള്ളിൽ യൂണിഫോമിലുള്ളവരെ കണ്ടതോടെ ഓടിപ്പോ കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി. സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി.ചിറയാത്തിന്റെ പരിശോധനയിൽ ഒരു കുട്ടിയുടെ പക്കൽ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യിൽനിന്ന് ഒരു ഗ്രാം ഹഷീഷ് ഓയിലും കണ്ടടുത്തു.
ഓഫിസിന്റെ പിൻവശത്തു
കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതു കണ്ട് വർക്ക് ഷോപ്പാണെന്നു കരുതിയാണു കയറിയതെന്നു കുട്ടികൾ പറഞ്ഞതായി എക്സൈസ് അറിയിച്ചു. പിൻവശത്തുകൂടി കയറിയതിനാൽ ഓഫിസ് ബോർഡ് കണ്ടില്ല.കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിവരമറിയിച്ചു.
വിദ്യാർഥികൾക്കു കൗൺസലിങ് നൽകി.
മാതാപിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുത്തു.