ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണറെ കണ്ട് വിശദീകരണം നൽകിയിരുന്നില്ല.
ചട്ടപ്രകാരം ഗവർണറെ കാണാൻ ചീഫ് സെക്രട്ടറി അടക്കമുള്ളവർ പോകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് തനിക്ക് ഇവരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നാണ് ഗവർണറുടെ വാദം. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക ലക്ഷ്യമിട്ടാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ഒരുങ്ങുന്നത്.
മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടത്. ഗവർണർ വീണ്ടും കത്തു നൽകിയാൽ സർക്കാർ മറുപടി നൽകിയേക്കും.