ഇലക്ട്രിക് ബൈക്കുമായി എന്‍ഫീല്‍ഡ് ഉടന്‍ വരുന്നു; ആ മുഴക്കം ഇനി ഓര്‍മ്മയാവുമോ?


കുറച്ചു കാലമായി മാറ്റത്തിനൊപ്പം അതിവേഗം ഓടുകയാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന ലോകോത്തര ഇരുചക്ര നിര്‍മാണ കമ്പനി. തങ്ങളുടെ രാജകീയ യാത്രയില്‍ അധികമൊന്നും മത്സരം മുന്‍പ് ഈ ബ്രിട്ടീഷ് കമ്പനി അനുഭവിച്ചിരുന്നില്ല. എന്നാല്‍ കാലം മാറിയതോടെ കൂടുതല്‍ മത്സക്ഷമാവുകയാണ് എന്‍ഫീല്‍ഡ്. റോഡുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ 4ാം തിയ്യതി രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് വരുന്ന വാര്‍ത്തകള്‍.

റോയല്‍ എന്‍ഫീല്‍ഡിന്റെ എല്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡല്‍ സ്പാനിഷ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഫ്യൂച്ചര്‍ എസ്.എല്‍, റോയല്‍ എന്‍ഫീല്‍ഡിനോട് ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണിത്. ഔദ്യോഗികമായി അവതരിപ്പിച്ചതിന് ശേഷം ഈ മോഡലുകള്‍ വിപണിയില്‍ ലഭ്യമാക്കും. കഴിഞ്ഞ ദിവസം റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കിന്റെ ടീസര്‍ ചിത്രം പുറത്തു വന്നിരുന്നു. കമ്പനി ഫയല്‍ ചെയ്ത ഡിസൈന്‍ പേറ്റന്റിന് സമാനമാണിത്. ഇപ്പോഴത്തെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് ബൈക്കുമായി ഏറെ സമാനതകള്‍ പുലര്‍ത്തുന്നതാണ് പുതിയ മോഡല്‍ എന്നാണ് അറിയുന്നത്.
നമ്മുടെ റോഡുകളില്‍ എത്ര ദൂരെനിന്നായാലും ആ ഇടിമുഴക്കം കേട്ടാലറിയാം എന്‍ഫീല്‍ഡാണ് വരുന്നതെന്ന്. ആ മുഴക്കം ഇനി അവസാനിക്കുമോയെന്ന ആശങ്കയാണ് ഇവി ഇറക്കാന്‍ കമ്പനി തുനിഞ്ഞിറങ്ങിയതോടെ ഉയരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കാലത്തിനൊത്ത് ഗിയര്‍ മാറ്റുന്നവ കൂടിയാണ്.

പുതിയ രൂപത്തിലും, ഭാവത്തിലും എന്‍ഫീല്‍ഡ് നിരത്തുകളില്‍ രാജകീയ യാത്രകള്‍ തുടരുന്നതിനിടെയാണ് ഇവി എത്തുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 മോഡലിന്റേതിന് സമാനമായി വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പുതിയ മോഡലില്‍ ഉണ്ടാകാനാണ് സാധ്യത. അതേ സമയം പുതിയ ഇലക്ട്രിക് ബൈക്കിന് പിന്‍സീറ്റ് ഇല്ല എന്ന വിവരവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
أحدث أقدم