കണ്ണൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ ദാരുണാന്ത്യം. കണ്ണൂർ മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണിയാണ് മരിച്ചത്. പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതക്കമ്പി ദേഹത്തുവീണാണ് മരണം.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി. ഈ സമയം ഇലക്ട്രിക് ലൈൻ പൊട്ടി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
സംസാരശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല. ഏറെ നേരമായിട്ടും തങ്കമണിയെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പറമ്പിൽ ഷോക്കേറ്റുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡി. കോളജിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.