സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് നടക്കും. 20 പുതിയ കര്‍ദിനാള്‍മാരെയാണ് വത്തിക്കാന്‍ പ്രഖ്യാപിച്ചത്. നിലവിലെ വത്തിക്കാനില്‍ മാര്‍പ്പാപ്പയുടെ ഔദ്യോഗിക സംഘത്തില്‍ അംഗമാണ് നിയുക്ത കര്‍ദിനാള്‍. ചങ്ങനാശേരി അതിരൂപതാംഗവും മാമ്മൂട് ലൂര്‍ദ് മാതാ പളളി ഇടവകാംഗമാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്.
ഇതോടെ കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം മൂന്നായി. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയില്‍പ്പെട്ട കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. മാര്‍പാപ്പയുടെ യാത്രകള്‍ തീരുമാനിക്കുന്ന ചുമതലയായിരുന്നു ഇദ്ദേഹത്തിന്.
അള്‍ജീരിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു. വെനസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറിയായിരിക്കെയാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കേന്ദ്രകാര്യാലയത്തിന്റെ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്. സീറോമലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണ് നിലവില്‍ കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാര്‍.
സീറോ - മലബാര്‍ സഭയുടെ തലവനെ തിരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനത്തില്‍ മാര്‍പാപ്പായുടെ പ്രത്യേക ദൂതനായി എത്തിയ മോണ്‍സിഞ്ഞോറിന്റെ ഇടപെടലാണ് സമവായത്തിലേക്കും, റാഫേല്‍ തട്ടിലിന്റെ തിരഞ്ഞെടുപ്പിലേക്കും വഴി തെളിച്ചത്.
നിലവില്‍ പഴയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി കര്‍ദിനാള്‍ പദവിയില്‍ തുടരുന്നുണ്ട്. സീറോ - മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ക്ലിമ്മീസ് കാതോലിക്ക ബാവയ്ക്കും കര്‍ദിനാള്‍ പദവിയുണ്ട്.