​‘സഖാക്കളെ ചെങ്കൊടിയോട് ഞാൻ മരണം വരെ കൂറുള്ളവനായിരിക്കും’;പഴയ പോസ്റ്റുകളിലും ട്രോളുകളിലും കുറ്റസമ്മതവുമായി സരിൻ


പാലക്കാട്: പിണറായി വിജയനെയും സിപിഎമ്മിനെയും വിമർശിച്ചിട്ട പോസ്റ്റുകളിലും ​ട്രോളുകളിലും കുറ്റസമ്മതവു​മായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ. ഫേസ്ബുക്കിൽ എഴുതിയകുറിപ്പിലാണ് പഴയപോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പഴയ പോസ്റ്റുകൾ കോൺഗ്രസ് പ്രവർത്തകരടക്കമുള്ളവർ കുത്തിപ്പൊക്കി ചർച്ചയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് ഞാൻ നടത്തിയ രാഷ്ട്രിയ വിമർശനങ്ങൾ, ചില ഇടപെടലുകൾ, പരാമർശങ്ങൾ,പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്കുണ്ടെന്നും സരിൻ വിശദീകരിക്കുന്നു. പല വിമര്‍ശനങ്ങളും വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ലെന്നും നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നു എന്ന് മാത്രം.

രാഷ്ട്രീയ നേതാക്കൾ പ്രതിയോഗികളാൽ അക്രമങ്ങൾ നേരിടുമ്പോൾ കോൺഗ്രസ് പാർട്ടിയിൽ അതിനെ പ്രതിരോധിക്കാൻ ഇറങ്ങുക ആ നേതാവിനോട് താല്പര്യമുള്ള ആളുകളും ഗ്രൂപ്പുകളും മാത്രമാണ്. പക്ഷെ, ഇടതുപക്ഷത്തെ ഏതെങ്കിലും ഒരു നേതാവിനെ വിശിഷ്യാ പിണറായി വിജയനെ ആക്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ സഖാക്കൾ ഒരൊറ്റ മനസ്സായി നിന്ന്‌ പ്രതിരോധത്തിന്റെ കോട്ട തീർക്കുന്നത് കണ്ടു കണ്ണു മിഴിച്ചു നിന്നിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി സ്നേഹിച്ചു വിശ്വസിച്ച പ്രസ്ഥാനം എന്നെ തെരുവിലുപേക്ഷിച്ചപ്പോൾ എന്നെ അനാഥമാക്കില്ല എന്ന്‌ വാക്ക് നൽകിയ പിന്തുണ നൽകിയ ഇടതുപക്ഷത്തോട് എന്റെ സഖാക്കളോട് ചെങ്കൊടിയോട് ഞാൻ മരണം വരെയും നന്ദിയുള്ളവനും കൂറുള്ളവനുമായിരിക്കും. നിങ്ങളാൽ ‘സഖാവേ’ എന്ന വിളി കേൾക്കാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും സരിൻ വിശദീകരിക്കുന്നു.
أحدث أقدم