തന്റെ പേര്, ചിത്രം എന്നിവ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി ഗായിക കെ.എസ്. ചിത്ര



ചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി, ഇതിലൂടെ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട ഒരു സ്ക്രീൻഷോട്ട് ചിത്ര നേരത്തെ പുറത്തുവിട്ടിരുന്നു. “ഇത് ചിത്ര ചേച്ചിയാണോ?” എന്ന് ചോദിച്ചവരോട്, വ്യാജൻ ‘അതെ’ എന്നും, താൻ ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും മറുപടി നൽകിയ സ്ക്രീൻഷോട്ടായിരുന്നു ഗായിക പങ്കുവച്ചത് .

10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കും, ഐ ഫോൺ അടക്കമുള്ള സമ്മാനങ്ങൾ ലഭ്യമാകും എന്നിവയാണ് വ്യാജ വാഗ്ദാനങ്ങൾ. ഈ തട്ടിപ്പ് തന്റെ പേരിൽ നടക്കുന്നുവെന്ന കാര്യം മനസ്സിലാക്കിയതോടെ, ചിത്ര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് സൈബർ ക്രൈം വിഭാഗം അഞ്ച് വ്യാജ അക്കൗണ്ടുകൾ പൂട്ടുകയും, ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവാങ്ങുകയും ചെയ്തു.

ഈ തരത്തിലുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകരുത് എന്ന് അഭ്യർത്ഥിച്ച ചിത്ര, തട്ടിപ്പിന് ഇരയാകാതിരിക്കാനും ജാഗ്രത പാലിക്കാനും എല്ലാവരോടും ആവശ്യപ്പെട്ടു.
أحدث أقدم