എന്‍ഒസി ഇല്ല..റോഡ് നികുതി അടച്ചിട്ടില്ല..ബൈജുവിന്‍റെ ആഡംബര കാർ കേരളത്തിൽ ഓടുന്നത് ചട്ടങ്ങള്‍ ലംഘിച്ച്…



തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അപകടമുണ്ടാക്കിയ നടൻ ബൈജുവിന്‍റെ ആഡംബര കാർ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിൽ ഓടിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് വിവരം. പരിവാഹന്‍ വെബ്‌സൈറ്റ് അനുസരിച്ച് കാറിന്റെ ആര്‍സി രേഖയില്‍ കാണിച്ചിരിക്കുന്ന ബൈജുവിന്റെ വിലാസം ഹരിയാനയിലേതാണ്. ഗുരുഗ്രാമിലെ സെക്ടര്‍ 49ലെ താമസക്കാരനാണ് എന്നാണ് വിലാസത്തില്‍ പറയുന്നത്. ഹരിയാനയിലെ കാര്‍ കേരളത്തില്‍ ഓടിക്കാന്‍ ഹരിയാന വാഹനവകുപ്പിന്റെ എന്‍ഒസി വേണം. വാഹനം എത്തിച്ച് 30 ദിവസത്തില്‍ ഹാജരാകേണ്ട എന്‍ഒസി ഇതുവരെ നല്‍കിയിട്ടില്ലെന്നും കേരളത്തില്‍ എത്തിച്ചാല്‍ അടയ്‌ക്കേണ്ട റോഡ് നികുതി അടച്ചിട്ടില്ലെന്നുമാണ് വിവരം.

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ ഏഴ് തവണയാണ് പിഴ ചുമത്തിയത്. 2023 ഒക്ടോബര്‍ 20ന് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഈ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ക്യാമറ കണ്ണുകളില്‍പ്പെട്ടിരുന്നു. അന്ന് മുതല്‍ തുടങ്ങുന്നു ബൈജുവിന്‍റെ നിയമലംഘനങ്ങളുടെ പരമ്പരകള്‍.

കഴിഞ്ഞ ദിവസം അര്‍ധരാത്രി തിരുവനന്തപുരം വെളളയമ്പലത്താണ് ബൈജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ച ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രക്തപരിശോധനയ്ക്ക് ബൈജു വിസമ്മതിച്ചെങ്കിലും മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
أحدث أقدم