ഗുജറാത്തിലെ മോർബിയിൽ ഓടിക്കൊണ്ടിരുന്ന കിയ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ വ്യവസായിക്ക് ദാരുണാന്ത്യം !!


ലീലാപർ കനാൽ റോഡിന് സമീപമുള്ള ഹൈവേയിൽ ചൊവ്വാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. സംഭവത്തിൽ എക്‌സ്‌പെർട്ട് സെറാമിക്‌സ് എന്ന ഫാക്ടറിയുടെ ഉടമയും 39 കാരനുമായ വ്യവസായി അജയ് ഗോപാനിയാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

തീപിടുത്തമുണ്ടായപ്പോൾ കാറിൻ്റെ ഡോറുകൾ ലോക്കായി പോയതിനാൽ ഗോപാനി വാഹനത്തിൽ കുടങ്ങിപ്പോയി. മോർബി മുനിസിപ്പാലിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചു. രക്ഷപ്പെടാനാകാതെ വാഹനത്തിൽ കുടങ്ങിപ്പോയ ഗോപാനി വാഹനത്തിനുള്ളിൽ വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

ജിജെ 36 എസി 4971 എന്ന നമ്പറിലുള്ള കിയ സെൽറ്റോസ് കാറിലാണ് അജയ് ഗോപാനി സഞ്ചരിച്ചിരുന്നതെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പിന്നീട് മൃതദേഹം പുറത്തെടുത്ത് പ്രാദേശിക ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. തീപിടിത്തത്തിൻ്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

തീപിടുത്തത്തിൻ്റെയും ഗോപാനിയുടെ മരണത്തിൻ്റെയും കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് സംഘത്തിൻ്റെ ഉൾപ്പെടെയുള്ള സഹായം തേടുമെന്ന് മോർബി സിറ്റി എ ഡിവിഷൻ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എച്ച്.എ. ജഡേജ പറഞ്ഞു.

കത്തിനശിച്ച കാറിൽ നിന്ന് അഞ്ച് ലക്ഷം രൂപയും എട്ട് മൊബൈൽ ഫോണുകളും പിസ്റ്റളും സ്വർണ ചെയിനും വിലപിടിപ്പുള്ള വാച്ചുകളും ഉൾപ്പെടെയുള്ള വിവിധ സാധനങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെടുത്തു. പോലീസിൻ്റെ സാന്നിധ്യത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവ കുടുബത്തിന് കൈമാറി.

أحدث أقدم