കെ റെയിൽ പദ്ധതി വീണ്ടും ഉന്നയിച്ച് കേരളം; കേന്ദ്ര റെയില്‍വെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി


ദില്ലി: സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയ കെ റെയില്‍ പദ്ധതിയുമായി കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചു. കെ റെയില്‍ വിഷയം വീണ്ടും കേരള സര്‍ക്കാര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് കെ റെയില്‍ പദ്ധതി ചര്‍ച്ചയായത്. കെ റെയിലിന് പുറമെ ശബരിമല പാത അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി. റെയില്‍വെ പദ്ധതികളിൽ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്താമെന്ന് റെയില്‍വെ മന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണിപ്പോള്‍ റെയില്‍വെ മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേരളം മുന്നോട്ടുവെച്ച് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയെന്നും മന്ത്രി അബ്ദുറഹ്മാൻ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
أحدث أقدم