മഅ്ദനിക്കെതിരായ പി ജയരാജന്റെ പരാമര്‍ശം; സ്വയം വിമര്‍ശനമെന്ന് സി പി ഐ




തിരുവനന്തപുരം: പി ഡി പി ചെയര്‍മാന്‍ അബ്ദന്നാസര്‍ മഅ്ദനിക്കെതിരെ കാലങ്ങളായി ബി ജെ പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതുപോലെ ഉന്നയിച്ച സി പി എം നേതാവ് പി ജയരാജന്റെ പരാമര്‍ശം സ്വയം വിമര്‍ശനമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മഅ്ദനി കേരളത്തിലെ മുസ്ലിം യുവാക്കളില്‍ തീവ്രവാദി ചിന്ത വളര്‍ത്തിയെന്ന പി ജയരാജന്റെ പുസ്‌കത്തിലെ പരാമര്‍ശത്തെ കുറിച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
പി ഡി പിയുമായി തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയ സി പി എം നടപടി സൂചിപ്പിച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. അതേസമയം, ധാരണയുമായി ബന്ധപ്പെട്ട പരാമര്‍ശമൊന്നും പുസ്‌കത്തില്‍ ഇല്ലെന്നതാണ് മറ്റൊരു വസ്തുത.
പി. ജയരാജന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റിനെയും മഅദനിയെയും മുന്‍നിര്‍ത്തി മുസ്ലിം തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷമാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മഅദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളര്‍ത്തുന്ന തരത്തില്‍ പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിച്ചതെന്നും അതിനായി അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനും തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചതെന്നും ജയരാജന്‍ ആരോപിക്കുന്നു. 1990-ല്‍ ആര്‍.എസ്.എസ്സിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐഎസ്എസ്) രൂപീകരിച്ചത് മഅദനിയുടെ നേത്യത്വത്തിലാണ്, ഐഎസ്എസ്സിലൂടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധപരിശീലനവും നല്‍കിയെന്നും ജയരാജന്‍ എഴുതുന്നു.

എന്നാല്‍, ജയരാജന്റെ പ്രസ്താവന വിവാദം ആയതോടെ വിഷയത്തില്‍ തങ്ങള്‍ അതൊക്കെ പണ്ടേ പറഞ്ഞതാണെന്ന പതിവ് സമീപനം തന്നെയാണ് സി പി ഐ സ്വീകരിക്കുന്നത്.




أحدث أقدم