ഫ്ലോറിഡ: ‘മിൽട്ടൺ’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ അമേരിക്കയിലെ ഫ്ലോറിഡ വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. കാറ്റഗറി 5 ശക്തിയോടെ ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ ‘മിൽട്ടൺ’ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ നിലം തൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്... ‘മിൽട്ടണെ’ നേരിടാൻ വലിയ മുന്നൊരുക്കവും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരകണക്കിനുപേര്‍ ഫ്ലോറിഡയിൽ നിന്ന് വീടുകള്‍ ഒഴിഞ്ഞ് പോവുകയാണ്. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് പ്രവചനം. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിരുന്നു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകളും അടച്ചിടും.
യു എസില്‍ കനത്ത നാശം വിതച്ച ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ ‘മിൽട്ടനും’ കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റ് 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയിലാണ് ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് ഇക്കഴിഞ്ഞ 26 -ാം തിയതിയാണ് ‘ഹെലൻ’ കരതൊട്ടത്. ഇതിന്‍റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്.