ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ല..ഹൈക്കോടതി..


കൊച്ചി : ഇന്ത്യയിൽ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മുൻമന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ, മുസ്ലീം പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദ് നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. പെൺകുട്ടിയുടെ പരാതിയിൽ കലാപത്തിന് ശ്രമിച്ചുവെന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കോഴിക്കോട് കുന്നമംഗലം പൊലീസ് ഇയാൾക്ക് എതിരെ കേസെടുത്തത്.
2017ൽ കോഴിക്കോട് കാരന്തൂർ മർക്കസ് കോളേജിൽ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് വിദ്യാർത്ഥികളുമായി സംവാദത്തിന് എത്തിയിരുന്നു. സമ്മാനദാനത്തിനിടെ അദ്ദേഹം വിദ്യാർത്ഥികൾക്ക് ഹസ്തദാനം നൽകി. കൂട്ടത്തിൽ എൽഎൽബിക്ക് പഠിക്കുന്ന മുസ്ലീം പെൺകുട്ടിയുമുണ്ടായിരുന്നു. ഈ ദൃശ്യമടക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഹർജിക്കാരനായ അബ്ദുൽ നൗഷാദ് വിദ്യാർത്ഥിനി ശരി അത്ത് നിയമം ലംഘിച്ചെന്ന് ആരോപിക്കുകയും ചെയ്തു. തുടർന്നാണ് തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കിയെന്ന് കാട്ടി പെൺകുട്ടി പരാതിപ്പെട്ടതും കുന്ദമംഗലം പൊലീസ് കേസെടുത്തതും. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദവുമായാണ് അബ്ദുൾ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്.


أحدث أقدم