റോഡ് സുരക്ഷ പഠിക്കാതെ ലൈസൻസ് കിട്ടില്ല; കർശനമാക്കി മോട്ടോർവാഹന വകുപ്പ്



മലപ്പുറം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തതിന്റെ രേഖ നിർബന്ധമാക്കി മോട്ടോർവാഹന വകുപ്പ്. ഇതിനു വേണ്ടി ലേണേഴ്സ് ടെസ്റ്റ് വിജയിക്കുന്നവർക്ക്, ആഴ്ചതോറും നിശ്ചിത ദിവസങ്ങളിൽ ആർടിഒ ഓഫീസുകളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ നടത്തും. ഈ ക്ലാസുകളിൽ പങ്കെടുത്തതിന്റെ രേഖയുമായി എത്തിയാൽ മാത്രമേ ലൈസൻസ് ടെസ്റ്റ് നടത്തുകയുള്ളൂ
നേരത്തെ ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകൾ ഉണ്ടായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് ഇവ നിലച്ചു. കഴിഞ്ഞ ദിവസമാണ് ക്ലാസുകൾ വീണ്ടും പുനരാരംഭിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശം നൽകിയത്. ക്ലാസിന് ആവശ്യമായ കൃത്യമായ സിലബസും നിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന ക്ലാസിൽ, മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് 2017 പ്രകാരം വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങളാണ് നൽകുക

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ് ബോധവൽക്കരണ ക്ലാസുകൾ എടുക്കുക. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ പത്ത് മണി വരെ ക്ലാസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഓരോ ഓഫീസുകളുടെയും സൗകര്യാനുസരണം സമയക്രമങ്ങളിൽ മാറ്റം വന്നേക്കാം
أحدث أقدم