ഗുരുതര പരാതികളെ തുടർന്ന് സസ്പെൻഷനിലായ ഡി എം ഒ തിരികെ കയറിയ അന്നുതന്നെ കൈക്കൂലി കേസില്‍ വിജിലൻസ് അറസ്റ്റ് ചെയ്തു.
ഇടുക്കി ഡി എം ഒ എല്‍.മനോജിനെയാണ് കൈക്കൂലിക്കേസില്‍ വിജിലൻസ് അറസ്റ്റു ചെയ്തത്.
ചിത്തിരപുരത്തെ പനോരമിക് കെറ്റ്സ് എന്ന ഹോട്ടലിന്റെ ഉടമയില്‍ നിന്ന് ശുചിത്വ സർട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 75000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓഫീസില്‍ വച്ച് വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
ഹോട്ടല്‍ ഉടമയില്‍ നിന്ന് ഒരുലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ പിന്നീട് ഇത് ചർച്ചചെയ്ത് 75000 രൂപയാക്കി.
സുഹൃത്തായ മറ്റൊരു ഡോക്ടറുടെ സ്വകാര്യ ഡ്രൈവറായ രാഹുല്‍ രാജ് എന്നയാളുടെ ഗൂഗിള്‍ പേ നമ്പരിലേക്ക് പണം നല്‍കണമെന്നായിരുന്നു മനോജ് ആവശ്യപ്പെട്ടിരുന്നത്.
ഹോട്ടല്‍ ഉടമ ഇത് സമ്മതിക്കുകയും ചെയ്തു.
ഇതിനായി ഗൂഗിള്‍ പേ നമ്പരും നല്‍കി.
ഇതുസംബന്ധിച്ച് വിവരം ലഭിച്ച വിജിലൻസ് സംഘം ഇരുവരെയും നിരീക്ഷിക്കുകയായിരുന്നു.
ഇതിനിടെയായിരുന്നു അറസ്റ്റ്.
ഗുരുതരമായ നിരവധി പരാതികള്‍ ലഭിച്ചതോടെ നേരത്തേ ഡോക്ടർ മനോജിനെ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു.
ആരോഗ്യവകുപ്പില്‍ നിന്നടക്കം പരാതികള്‍ ലഭിച്ചതിനെ തുടർന്നായിരുന്ന നടപടി.
എന്നാല്‍ ഇതിനെതിരെ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.
തന്റെ വിശദീകരണം കേള്‍ക്കാതെയും മതിയായ അന്വേഷണം നടത്താതെയുമാണ് സസ്പെൻഡ് ചെയ്തതെന്നായിരുന്നു മനോജിന്റെ വാദം.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് പോലും കിട്ടുന്നതിന് മുമ്പാണ് ഡി എം ഒയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം ചെയർമാനായ ട്രിബ്യൂണല്‍ നിരീക്ഷിച്ചു.
ഇതിനെത്തുടർന്ന് സസ്പെൻഷൻ മരവിപ്പിക്കുകയായിരുന്നു.
ഇതോടെയാണ് ഇന്ന് രാവിലെ ജോലിയില്‍ പ്രവേശിച്ചത്.