എവറസ്റ്റ് കൊടുമുടി വേ​ഗത്തിൽ വളരുന്നു എന്തുകൊണ്ട് ? ഉത്തരം കണ്ടെത്തി ശാസ്ത്രലോകം!



ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ വേ​ഗത്തിലാണെന്ന് ശാസ്ത്രലോകം. സമുദ്രനിരപ്പിൽ നിന്ന് 5.5 മൈൽ (8.85 കി.മീ) ഉയരമാണ് എവറസ്റ്റിനുള്ളത്. ഏകദേശം 50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡം യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉൾപ്പെടുന്ന ഹിമാലയൻ പർവത നിരകൾ ഉണ്ടായത്. എവറസ്റ്റ് പ്രതീക്ഷിച്ചതിലും കൂടുതൽ വളരുകയാണെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും ശാസ്ത്രജ്ഞർ പറയുന്നു.

സമീപത്തുള്ള രണ്ട് നദീതടങ്ങളുടെ ലയനവുമായി ബന്ധപ്പെട്ടാണ് എവറസ്റ്റിന്റെ വളർച്ചയുടെ വേ​ഗമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. 89,000 വർഷങ്ങൾക്ക് മുമ്പ് കോസി നദി അരുൺ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (15-50 മീറ്റർ) ഉയരം ലഭിച്ചുവെന്ന് ഗവേഷകർ കണക്കാക്കുന്നു. പ്രതിവർഷം ഏകദേശം 0.01-0.02 ഇഞ്ച് (0.2-0.5 മില്ലിമീറ്റർ) എന്നതാണ് എവറസ്റ്റിന്റെ വളർച്ചാ നിരക്ക്. ഈ ഭൂമിശാസ്ത്രപരമായ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് വിളിക്കുന്നത്. നദികൾ കാലക്രമേണ ഗതി മാറിയതിനാൽ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു.

ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാൻ കാരണമായെന്നാണ് ബീജിംഗിലെ ചൈന യൂണിവേഴ്‌സിറ്റി ഓഫ് ജിയോസയൻസസിലെ ജിയോ സയൻ്റിസ്റ്റ് ജിൻ-ജെൻ ഡായ് പറയുന്നത്. ഭൗമോപരിതലത്തിൽ നിന്ന് ഐസോ അല്ലെങ്കിൽ ഉരുകിയ പാറകൾ പോലുള്ള കനത്ത ഭാരം നീക്കം ചെയ്യുമ്പോൾ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരുമെന്നും ഡായ് കൂട്ടിച്ചേർത്തു. എവറസ്റ്റിൻ്റെ വാർഷിക ഉയർച്ച നിരക്കിൻ്റെ ഏകദേശം 10% ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കി. മണ്ണൊലിപ്പ് തുടരുന്നതിനാൽ, ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിൻ്റെ ഉയർച്ച നിരക്ക് വർധിച്ചേക്കാമെന്നും പറയുന്നു.

أحدث أقدم