ദുബൈ: ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സിൽ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും നഗര പരിധിയിൽ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോൺ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു.
ഡ്രൈവിംഗ് ലൈസൻസിനുള്ള കുറഞ്ഞ പ്രായപരിധി പതിനെട്ട് വയസ്സിൽ നിന്നും പതിനേഴ് വയസ്സാക്കി കുറയക്കാനുള്ള നിർണ്ണായക തീരുമാനമാണ് യുഎഇ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് തീരുമാനം. അടുത്തവർഷം മാർച്ച് 29 മുതൽ തീരുമാനം നടപ്പാക്കും. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഉയർന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും യുഎഇ ഗൺമെന്റ് മീഡിയാ ഓഫീസ് അറിയിച്ചു.
വാഹനാപകടമോ മറ്റ് അത്യാഹിതമോ ഒഴിവാക്കാനല്ലാതെ നഗരപരിധിയിൽ വാഹനങ്ങൾ ഹോൺ മുഴക്കാൻ പാടില്ല. 80 കിലോമീറ്ററിലധികം വേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന റോഡുകളിൽ കാൽനട യാത്രക്കാരെ റോഡ് മുറിച്ചു കടക്കാൻ അനുവദിക്കില്ല. ഇതിന് മേൽപ്പാലങ്ങൾ ഉപയോഗിക്കണം. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച വാഹനം ഓടിച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കും.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ റോഡ് മുറിച്ചുകടന്നാലും വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ അതിവേഗത്തിൽ ഓടിച്ചാലും ശിക്ഷ കടുത്തതാകും. അപകടകരമായ സാധനങ്ങളോ സാധാരണയെക്കാൾ വലുപ്പമുള്ള വസ്തുക്കളോ വാഹനങ്ങളിൽ കൊണ്ടുപോകണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണമെന്നും നിർദ്ദേശത്തിൽ പറയുന്നു