അഹമ്മദാബാദ്: മണ്ടത്തരമെന്നോ കിറുക്കോയല്ലാതെ ഇതൊക്കെ എന്താണ്. ഭഗവാന്റെ തീര്‍ഥ ജലമാണെന്ന് കരുതി എ സി വെള്ളം കുടിച്ച വിഡ്ഢികളായ ഭക്തന്മാരുടെ നാട്ടില്‍ പുതിയ ആചാരത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു വ്യവസായി. തന്റെ കുടുംബത്തിന് ഭാഗ്യം കൊണ്ടുവന്ന പഴയ കാറിന് നാല് ലക്ഷം രൂപ മുടക്കി സംസ്‌കാര ചടങ്ങ് നടത്തിയിരിക്കുകയാണ് ഇദ്ദേഹം. ഗുജറാത്തിലെ ആമ്രേലി ജില്ലയിലാണ് സംഭവം. ഈ ചടങ്ങിന് എത്തിയത് നാട്ടിലെ മത നേതാക്കളും പുരോഹിതന്മാരുമടക്കം 1,500 പേര്‍. മനുഷ്യര്‍ക്ക് നല്‍കുന്ന രൂപത്തില്‍ പൂജകളും കര്‍മങ്ങളും നടത്തി വലിയൊരു കുഴിയിലേക്ക് അടക്കം ചെയ്താണ് സംസ്‌കാര ചടങ്ങ് നടത്തിയത്.
പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള വാഗണ്‍ ആര്‍ കാറിനാണ് കുടുംബം അന്ത്യയാത്ര ഒരുക്കിയത്.
അംറേലിയിലുള്ള കൃഷിഭൂമിയിലാണ് സംസ്‌കാരം നടന്നത്. പുഷ്പാലംകൃതമായ കാര്‍ 15 അടി താഴ്ചയുള്ള കുഴിയിലേക്ക് ഏറെ ശ്രദ്ധയോടെയാണ് കാറിനെ അടക്കം ചെയ്തത്. കുഴിയിലാക്കിയതിന് ശേഷം പച്ച നിറത്തിലുള്ള തുണി കൊണ്ട് മൂടിയ കാറിനായി പ്രത്യേക പൂജകളും നടത്തി. മന്ത്രോച്ചാരണങ്ങള്‍ക്കിടെ പനിനീര്‍പ്പൂവിതളുകള്‍ കൊണ്ട് കുടുംബാംഗങ്ങള്‍ കാറിന് പുഷ്പവൃഷ്ടി നടത്തി. അതിന് ശേഷം കുഴി മൂടി അതിഥികള്‍ മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സഞ്ജയ് പൊളാരയെന്ന വ്യാപാരിയാണ് കാറിന്റെ ഉടമ.
‘ഏകദേശം 12 വര്‍ഷം മുമ്പ് ഞാന്‍ ഈ കാര്‍ വാങ്ങി, അത് കുടുംബത്തിന് സമൃദ്ധി കൊണ്ടുവന്നു. ബിസിനസ്സിലെ വിജയം കാണുന്നതിന് പുറമേ, എന്റെ കുടുംബത്തിനും ബഹുമാനം ലഭിച്ചു. വാഹനം എനിക്കും എന്റെ കുടുംബത്തിനും ഭാഗ്യം തെളിയിച്ചു. അതിനാല്‍, അത് വില്‍ക്കുന്നതിന് പകരം, ആദരാഞ്ജലിയായി ഞാന്‍ എന്റെ ഫാമില്‍ ഒരു സമാധി നല്‍കി, ”പോളാര മാധ്യമങ്ങളോട് പറഞ്ഞു.
ഏതായാലും വീഡിയോ വൈറലായതോടെ കാര്‍ ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.