കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; 2 പേര്‍ പിടിയിൽ


കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരൻ കൂടിയാണ് ഗിരീഷ്. ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
കൊലപാതകം നടന്ന ദിവസം ഇയാൾ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെ‌ട്ടി‌രുന്നു. തലയിൽ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നിൽ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന ജെയ്സി ഒരു വർഷമായി കളമശ്ശേരിയിലെ ഈ അപ്പാർട്ടമെന്‍റിലാണ് താമസം. കാനഡയിലുള്ള ജെയ്സിയുടെ മകൾ നാട്ടിലെത്തിയിട്ടുണ്ട്. കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിലാണ് ജെയ്സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

أحدث أقدم