വിദ്യാര്‍ത്ഥിക്ക് ജൂലൈയില്‍ ഒരു അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ ലഭിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഇയാള്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ നമ്പറില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ 17 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. തന്റെ നമ്പര്‍ നിര്‍ജ്ജീവമാകാതിരിക്കാന്‍, വിദ്യാര്‍ത്ഥി പോലീസില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) വാങ്ങണമെന്ന് തട്ടിപ്പുകാരന്‍ പറഞ്ഞു. കൂടാതെ കോള്‍ സൈബര്‍ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞതായും ഇയാള്‍ പറഞ്ഞു.
മുംബൈ പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, വിദ്യാര്‍ത്ഥിക്ക് വാട്ട്സ്ആപ്പില്‍ ഒരു വീഡിയോ കോള്‍ ലഭിച്ചു, അതിനിടയില്‍ പോലീസ് ഓഫീസറുടെ വേഷം ധരിച്ച ഒരാളുമായി സംസാരിച്ചു. വ്യാജ പോലീസ് വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ആവശ്യപ്പെടുകയും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പങ്കാളിയാണെന്ന് ആരോപിച്ച് യുപിഐ വഴി 29,500 രൂപ കൈമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
തട്ടിപ്പുകാരന്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുകയും തന്നെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയെന്നും ആരെയും ബന്ധപ്പെടുന്നതില്‍ നിന്ന് തടയുകയും ചെയ്തു. തട്ടിപ്പുകാര്‍ അടുത്ത ദിവസം തന്നെ വിളിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്ന് ഇയാളുടെ അക്കൗണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു.സമാനമായ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെ കുറിച്ച് ഇന്റര്‍നെറ്റില്‍ വായിച്ചതിന് ശേഷമാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി വിദ്യാര്‍ത്ഥി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. സമാനരീതിയില്‍ കഴിഞ്ഞദിവസം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയായത് 77കാരിയാണ്. മുംബൈ സ്വദേശിയായ വയോധികയെ ഐപിഎസ് ഓഫിസറെന്നും മറ്റ് നിയമപാലകരെന്നും അവകാശപ്പെട്ടാണ് സൈബര്‍ തട്ടിപ്പുകാര്‍ കബളിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരു മാസത്തോളം ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത ശേഷം 3.8 കോടി രൂപയാണ് തട്ടിയെടുത്തത്.
ഒരു ഫോണ്‍ കോളില്‍ നിന്നാണ് തുടക്കം. താന്‍ തായ്വാനിലേക്ക് അയച്ച പാഴ്സല്‍ പിടിച്ചെടുത്തതായി വയോധികയ്ക്ക് വാട്‌സാപ്പ് കോള്‍ ലഭിച്ചു. അഞ്ച് പാസ്പോര്‍ട്ടുകള്‍, ഒരു ബാങ്ക് കാര്‍ഡ്, നാലു കിലോ വസ്ത്രങ്ങള്‍, എംഡിഎംഎ എന്നിവ പാഴ്‌സലില്‍ നിന്നും കണ്ടെത്തിയതെന്ന് വിളിച്ചയാള്‍ അവകാശപ്പെട്ടു. അജ്ഞാത നമ്പറില്‍ നിന്നുള്ള വാട്‌സാപ്പ് കോള്‍ സൈബര്‍ തട്ടിപ്പിന്റെ തുടക്കം മാത്രമായിരുന്നു. സൈബര്‍ തട്ടിപ്പുകാര്‍ വയോധികയ്ക്ക് ക്രൈംബ്രാഞ്ചിന്റെ സ്റ്റാംപ് പതിച്ച വ്യാജ നോട്ടിസാണ് ആദ്യം അയച്ചത്. താന്‍ പാഴ്സലൊന്നും അയച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കണമെന്നും സ്‌കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. കോള്‍ വിച്ഛേദിക്കരുതെന്നും കേസിനെ കുറിച്ച് ആരോടും പറയരുതെന്നും കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു.