ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് രാവിലെ ഏഴിന് കൊണ്ടയൂര്‍ വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂളിലെ 25-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യും. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് മണ്ഡലത്തില്‍ വോട്ടില്ല. ബിജെപി സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന് പാമ്പാടി സ്‌കൂളിലെ 116--ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. ചേലക്കരയില്‍ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്.
വയനാട്ടില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലത്തില്‍ വോട്ടില്ല. ആകെ വോട്ടര്‍മാര്‍ 14,71,742. പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും നാടൊന്നാകെ ഒപ്പം അണിനിരന്നതിന്റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20നാണ്.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചേലക്കര മണ്ഡലത്തില്‍ ആറും വയനാട്ടില്‍ പതിനാറും സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ചേലക്കരയില്‍ ആകെ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളില്‍ മൂന്ന് ഓക്‌സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തില്‍ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്.
പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും.
ഇരു മണ്ഡലത്തിലെ മുഴുവന്‍ പോളിങ് ബൂത്തുകളും കാമറ നിരീക്ഷണ വലയത്തിലായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെ വോട്ട് ചെയ്യല്‍ ഒഴികെയുള്ള മുഴുവന്‍ നടപടികളും പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിക്കാന്‍ കഴിയും. കള്ളവോട്ട് ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും സുതാര്യവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക ആപ്പുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കും.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് മണ്ഡലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തര്‍ സംസ്ഥാന സേനയും അന്തര്‍ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. കൂടാതെ സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പൊലീസ് പരിശോധന നടക്കുന്നുണ്ട്. സ്‌ട്രോങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എന്‍സിസി, എസ്പിസി തുടങ്ങി 2700 പൊലീസ് അധിക സേനയും ജില്ലയിലുണ്ടാകും.
ചേലക്കരയില്‍ തൃശ്ശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് കീഴില്‍ കേരള പോലീസിന്റെ 600 ലധികം പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയുമാണ് വിന്യസിക്കുന്നത്. മണ്ഡലത്തില്‍ പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളില്‍ രണ്ട് പോലീസുകാരെയും വിന്യസിക്കും. ഇതിന് പുറമെ ബൂത്തുകളുടെ എണ്ണം തിരിച്ച് ഗ്രൂപ്പ് പട്രോളിങ്, ക്രമസമാധാന പട്രോളിങ്, ക്വിക്ക് റിയാക്ഷന്‍ പട്രോളിങും നടത്തും.