ശബരിമല ക്ഷേത്രം ഇന്ന്… മണ്ഡലകാല തീർഥാടനത്തിന് നാളെ..



പത്തനംതിട്ട : മണ്ഡലകാല തീർഥാടനത്തിനായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. ഇന്നു വൈകീട്ട് നാലുമണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. വെള്ളിയാഴ്ച പ്രത്യേക പൂജകളില്ല. ദീപാരാധനയ്ക്കുശേഷം പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് സോപാനത്ത് നടക്കും. നാളെയാണ് മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമാകുക.

ആഴി ജ്വലിപ്പിച്ചശേഷം നിലവിലെ മേൽശാന്തി നിയുക്ത ശബരിമല മേൽശാന്തി എസ്. അരുൺ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരെ കൈപിടിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിക്കും. പമ്പയിൽനിന്ന് രാവിലെ 11 മണി മുതൽ ഭക്തരെ മല ചവിട്ടാൻ അനുവദിക്കും.

വൃശ്ചികം ഒന്നായ ശനിയാഴ്ച പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ഇരുനടകളും തുറക്കുന്നതോടെ മണ്ഡലതീർഥാടനത്തിന് തുടക്കമാകും. ദിവസവും പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയും നട തുറക്കും. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. ബുക്ക് ചെയ്യാത്ത 10,000 പേർക്കായി വണ്ടിപ്പെരിയാർ സത്രം, എരുമേലി, പമ്പ എന്നിവടങ്ങളിൽ റിയൽ ടൈം ഓൺലൈൻ ബുക്കിങ് (സ്പോട്ട് ബുക്കിങ്) സൗകര്യമുണ്ട്.
أحدث أقدم