പാലക്കാട്ടെ സിപിഎമ്മിന് നീല ട്രോളി ബാഗ് ബസിൽ പാഴ്സൽ അയച്ച് വിജയാഘോഷം…



പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിന് പിന്നാലെ വേറിട്ട ആഘോഷവുമായി പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട്ടെ സിപിഎമ്മിന് നീല ട്രോളി ബാഗ് പാഴ്സല്‍ അയച്ചുകൊണ്ടാണ് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്‍റെ വിജയം ആഘോഷിച്ചത്. പാലക്കാട്ടേക്കുള്ള സൂപ്പർഫാസ്റ്റ് ബസിലാണ് പ്രവർത്തകർ ട്രോളി ബാഗ് കൊടുത്തു വിട്ടത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ട്രോളി ബാഗ് വിവാദം ഉയര്‍ത്തികൊണ്ടുവന്ന സിപിഎമ്മിന് മറുപടിയായിട്ടാണ് നീല ട്രോളി ബാഗ് പാഴ്സല്‍ അയച്ചുകൊണ്ട് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസിന്‍റെ മധുരപ്രതികാരം. സിപിഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാഗുമായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ പ്രവര്‍ത്തകര്‍ ഡ്രൈവര്‍ക്ക് ബാഗ് കൈമാറുകയായിരുന്നു. പാലക്കാട്ടെ പാതിരാ ഹോട്ടൽ റെയ്ഡിനിടെ രാഹുൽ മാങ്കൂട്ടത്തിൽ നീല ട്രോളി ബാഗുമായി പോയെന്ന ആരോപണമാണ് സിപിഎം ഉന്നയിച്ചിരുന്നത്.

എന്നാൽ, ട്രോളി ബാഗുമായി വാര്‍ത്താസമ്മേളനം നടത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ സിപിഎം ആരോപണത്തെ നേരിട്ടത്. ഉപതെരഞ്ഞെടുപ്പിൽ സിപിഎം ഉയര്‍ത്തി നീല ട്രോളി ബാഗ് വിവാദം ഉള്‍പ്പെടെ അവര്‍ക്ക് തിരിച്ചടിയായെന്നും രാഹുൽ മാങ്കൂട്ടത്തിലിന്‍റേത് മിന്നും വിജയമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്.

പാലക്കാട് തിരഞ്ഞെടുപ്പ് ഫലം പൂർണാമായപ്പോൾ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമായത്. ഷാഫി പറമ്പിലിന്‍റെ എക്കാലത്തെയും വലിയ വിജയത്തെയും പിന്നിലാക്കി, റെക്കോഡ് ജയമാണ് രാഹുൽ പിടിച്ചെടുത്തത്. അന്തിമ ഫലം അനുസരിച്ച് നിലവിൽ 18715 വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. 2016 ൽ 17483 വോട്ടുകൾക്ക് ജയിച്ചതായിരുന്നു പാലക്കാട്ടെ ഷാഫിയുടെ ഏറ്റവും വലിയ വിജയം. 2021 ലെ ഷാഫിയുടെ ഭൂരിപക്ഷത്തിന്‍റെ നാലിരട്ടിയോളം ഭൂരിപക്ഷത്തിൽ രാഹുലിനെ വിജയിപ്പിക്കാനായത് യു ഡി എഫിനും വലിയ നേട്ടമായി.

أحدث أقدم