യുകെയില്‍ പരക്കെ മഞ്ഞ്, ഐസ്, കാറ്റ്, മഴ എന്നിവയ്ക്കു സാധ്യത. സ്‌കോട്ട്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ട് എന്നിവിടങ്ങളിലും മുന്നറിയിപ്പ് ബാധകം. ആംബര്‍ മുന്നറിയിപ്പ് 1 അടി 4 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത. ശനിയാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടില്‍ മുന്നറിയിപ്പുള്ളത്. പ്രാദേശിക സമൂഹങ്ങള്‍ ഒറ്റപ്പെടാനും, നടപ്പാതകള്‍ കടക്കാന്‍ ബുദ്ധിമുട്ടാകുകയും, റോഡുകളില്‍ തടസ്സങ്ങള്‍ രൂപപ്പെട്ട് വാഹനങ്ങളും, യാത്രക്കാരും കുടുങ്ങാനും സാധ്യത നിലനില്‍ക്കുന്നതായി മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
ശനിയാഴ്ചയോടെ ബെര്‍ട്ട് കൊടുങ്കാറ്റ് തേടിയെത്തുന്നതോടെ അതിശക്തമായ മഴയും, 70 മൈല്‍ വേഗത്തിലുള്ള കാറ്റും, കനത്ത മഞ്ഞുമാണ് നേരിടേണ്ടതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് തീരത്ത് കാറ്റിനുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. പവര്‍കട്ടും, യാത്രാ തടസ്സങ്ങളും ഇതോടൊപ്പം പ്രതീക്ഷിക്കാം. ഇതിനിടെ വെയില്‍സിലെ ഭൂരിഭാഗം പ്രദേശങ്ങളിലും, ഡിവോണ്‍, കോണ്‍വാള്‍ എന്നിവിടങ്ങളിലുമായി ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെ 5 ഇഞ്ച് വരെ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയും നല്‍കിയിട്ടുണ്ട്.