‘മുഖ്യമന്ത്രിയുടെ നവകേരള’ത്തിനും പണമില്ല…നാലുമാസമായി…




തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും ഉയർന്ന ഫെലോഷിപ്പ് തുകയെന്ന പ്രഖ്യാപനവുമായി തുടങ്ങിയ ’മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പി’നും പണമില്ല. നാലുമാസമായി ഫെലോഷിപ്പ് കൃത്യമായി ലഭിക്കാത്തതിനാൽ പല ഗവേഷകരും കടക്കെണിയിലാണ്.

സംസ്ഥാന സർക്കാർ നടപ്പാക്കിയ ഗവേഷണ പദ്ധതിയാണ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (സി.എം.എൻ.പി.എഫ്.). 2023-ലാണ് ആദ്യ ഗവേഷക ബാച്ച് നിലവിൽ വന്നത്. ഇതുവരെ കൃത്യമായി മാസംതോറും തുക കിട്ടിയിട്ടില്ല. കുടിശ്ശികയാകുമ്പോൾ ഗവേഷകർ പരാതിയും അപേക്ഷയും അയച്ചാൽ മാത്രമാണ് ഫെലോഷിപ്പ് നൽകുന്നത്. കരുതൽ സഹായധനവും (കണ്ടിൻജൻസി ഗ്രാന്റ്) കൃത്യമായി ലഭിക്കുന്നില്ല. ’സർക്കാരിന്റെ കൈയിൽ പണമില്ല, രണ്ടുമാസം കൂടി താമസമുണ്ടാകും’ എന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്ന് കിട്ടുന്ന മറുപടി. ഏറ്റവും ഉയർന്ന ഫെലോഷിപ്പെന്ന വിശേഷണം കേട്ട് മികച്ച വരുമാനമുള്ള ജോലികൾ ഉപേക്ഷിച്ചുവന്നവരാണ് ഭൂരിഭാഗം ഗവേഷകരും. തുക മുടങ്ങിയതോടെ പലരുടെയും ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി അയച്ചും രണ്ടാഴ്ചമുമ്പ് മന്ത്രി ആർ.ബിന്ദുവിനെ നേരിൽക്കണ്ടും ഗവേഷകർ പരാതിപ്പെട്ടിരുന്നു.

നവകേരള പോസ്റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പിന് രണ്ടു ബാച്ചുകളിലായി 150-ഓളം പേരെയാണ്‌ പരിഗണിച്ചിരുന്നത്‌. സംസ്ഥാനത്തെ സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളുമാണ് ഫെലോഷിപ്പ് കിട്ടിയവരുടെ പ്രവർത്തനകേന്ദ്രം. 2021-22 ബജറ്റിലാണ് രണ്ടുവർഷത്തെ ഫെലോഷിപ്പ് പ്രഖ്യാപിച്ചത്. ആദ്യവർഷം പ്രതിമാസം 50,000 രൂപ വീതവും രണ്ടാംവർഷം പ്രതിമാസം ഒരുലക്ഷം രൂപയുമാണ് ഫെലോഷിപ്പ്. ഒരുലക്ഷം രൂപ മുതൽ രണ്ടുലക്ഷം രൂപവരെ ഗവേഷണത്തിനുള്ള കരുതൽ സഹായധനവും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
أحدث أقدم