പലിയേരി സ്വദേശിനിയായ ദിവ്യശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത ശേഷമെന്നാണ് പൊലീസിന്റെ നിഗമനം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ രാജേഷ് പിന്തുടർന്ന് വെട്ടി. വെട്ടേറ്റ് ഓടുന്നതിനിടെ വീടിന്റെ ഗേറ്റിനു മുന്നിൽ വീണുപോയ ദിവ്യശ്രീയെ അവിടെയിട്ട് വീണ്ടും വെട്ടിക്കൂട്ടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.
ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യശ്രീയുടെ തലയ്‌ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ദിവ്യശ്രീയെ ആക്രമിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് അച്ഛനും വെട്ടേറ്റത്. വാസുവിന്റെ കഴുത്തിനും വയറിനുമാണ് പരിക്ക്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വാസു.
കൊല നടത്തിയ ശേഷം രക്ഷപ്പെട്ട രാജേഷിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി. കണ്ണൂരിലെ ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഏറെക്കാലമായി രാജേഷും ദിവ്യശ്രീയും അകന്നു കഴിയുകയായിരുന്നു.