രണ്ടുമാസത്തെ വൈദ്യുത ബിൽ തുക അടയ്ക്കാത്തതിനെത്തുടർന്ന് നെയ്യാറ്റിൻകര സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരി. റവന്യു വകുപ്പ് കേന്ദ്രീകൃതമായി അടയ്ക്കേണ്ട ബിൽ തുക ജീവനക്കാർ പിരിവിട്ട് അടച്ചതോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.നെയ്യാറ്റിൻകര വില്ലേജ് ഓഫീസിന്റെ രണ്ട് മാസത്തെ ബിൽ തുക 2,888 രൂപയാണ്. സാധാരണ റവന്യു വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് വില്ലേജ്, താലൂക്ക് ഓഫീസുകളുടെ വൈദ്യുത ബില്ലുകൾ അടയ്ക്കുന്നത്. അടുത്തിടെ സ്മാർട്ട് വില്ലേജായി ഉയർത്തിയ നെയ്യാറ്റിൻകര വില്ലേജ് ഓഫീസിന്റെ ബിൽ തുക ആരും അടച്ചിരുന്നില്ല.
പിഴക്കാലാവധി കഴിഞ്ഞിട്ടും ബിൽ തുക അടയ്ക്കാത്തവരുടെ പട്ടികയുമായി ജീവനക്കാർ ഫീൽഡ് വർക്ക് ചെയ്യുമ്പോഴാണ് നെയ്യാറ്റിൻകര വില്ലേജ് ഓഫീസിലെ ബിൽ തുക അടച്ചില്ലെന്ന് മനസ്സിലാക്കിയത്. അവർ ഇക്കാര്യം ബുധനാഴ്ച വില്ലേജ് ഓഫീസിലെത്തി അറിയിക്കുകയും ചെയ്തു.വ്യാഴാഴ്ച രാവിലെയായിട്ടും ബിൽ തുക അടയ്ക്കാതായ തോടെ കെ.എസ്.ഇ.ബി. ജീവനക്കാരെത്തി ഫ്യൂസ് ഊരിക്കൊണ്ടുപോയി.
ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ബോയ്സ്, ഗേൾസ് സ്കൂളുകൾക്കു സമീപത്താണ് വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന ത്. ഡിജിറ്റൽ സംവിധാന ത്തിലുള്ള ഓഫീസ് പ്രവർത്തിക്കണമെങ്കിൽ വൈദ്യുതി വേണമെന്ന നിലയായതോടെ ജീവനക്കാർ പിരിവെടുത്ത് 2,888 രൂപ വൈദ്യുതി ഓഫീസിലെത്തി അടച്ചു. ഇതിനെത്തുടർന്ന് കെ.എസ്.ഇ.ബി.ക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
ബിൽ അടയ്ക്കാത്തതിനെത്തുർന്ന് സർക്കാർ ഓഫീസിന്റെ വൈദ്യുതി ഫ്യൂസ് ഊരിയെടുക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് തഹസിൽദാർ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരോടു വിശദീകരണം ചോദിക്കുകയും ചെയ്തു.