സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അറസ്റ്റ്


ആലപ്പുഴ : ഫ്രാഞ്ചൈസി തുടങ്ങാം എന്ന് തെറ്റിദ്ധരിപ്പിച്ച് മുട്ടാർ സ്വദേശിയുടെ കയ്യിൽ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയതിനുശേഷം തട്ടിപ്പ് നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലും സമാനമായ രീതിയിൽ കേസ് ഉണ്ട്.

ആൻവി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാൽ കുഴിയിൽ, വി.എസ് നിവാസിൽ വിപിൻ വി.എസ് (40) എന്നയാളെയാണ് തട്ടിപ്പ് നടത്തിയെന്ന കേസിൽ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

കേരളത്തിന്റെ പലഭാഗത്തും ഇയാൾ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ടെന്നും അതേക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും രാമങ്കരി പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.
أحدث أقدم