പെരുമ്പറമ്പ് പൊല്പാക്കര, പാറപ്പുറം, കാലടി, കാവില്‍പടി മേഖലകളില്‍ രാത്രി വീടുകളുടെ ജനല്‍ തുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ കവരുകയും കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും ചെയ്തമോഷ്ടാവ് പിടിയില്‍. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിന് രാജാ(സീന്‍ രാജ് -34)ണ് പിടിയിലായത്. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
കാവില്‍പടിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണങ്ങള്‍ ജനാല വഴി മോഷ്ടിച്ച് എടപ്പാള്‍ പഴയ ബ്ലോക്കിനടുത്ത വീട്ടില്‍ രണ്ടാം മോഷണത്തിന് ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ പ്രതി ഓടി
രക്ഷപ്പെടുകയായിരുന്നു.
സ്കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടതിനാല്‍ വാഹനം സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച് പരിസരത്തെ പ്രകാശന്റെ വീട്ടില്‍ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച് സ്ഥലം വിട്ടു. സ്കൂട്ടറിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
പോലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതി പൊന്നാനി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.