സീപ്ലെയിൻ പദ്ധതിക്കെതിരെ സമരത്തിലേക്ക്... സംയുക്ത യോഗം ഇന്ന് ആലപ്പുഴയിൽ




ആലപ്പുഴ : സീപ്ലെയിൻ പദ്ധതിക്കെതിരായ സമരപരിപാടികൾക്ക് രൂപം നൽകാനായി മത്‍സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം ഇന്ന് ആലപ്പുഴയിൽ നടക്കും . കളപ്പുര ഗസ്റ്റ് ഹൗസിൽ വെച്ച് ഇന്ന് രാവിലെയാണ് യോഗം.

സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സീപ്ലെയിൻ കായലിലേക്ക് വന്നാൽ എതിർക്കുമെന്ന് നേരത്തെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞിരുന്നു. പദ്ധതി കായലിലേക്ക് കൊണ്ടു വരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്.

2013ല്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പദ്ധതിയാണ് സീപ്ലെയിന്‍. അന്ന് സിഐടിയു, എഐടിയുസി പിന്തുണയോടെ മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചതോടെ പദ്ധതി പിന്‍വലിക്കുകയായിരുന്നു. ഇതേ പദ്ധതിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും എത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പരാതി ഉയരുന്നത്. മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം നഷ്ടമാകും, പാരിസ്ഥിതിക ഭീഷണി, പൊതു തണ്ണീര്‍ത്തടങ്ങളും ഉള്‍നാടന്‍ ജലാശയങ്ങളും ഡാമുകളും സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതപ്പെടുന്നു, സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല, മത്സ്യആവാസ വ്യവസ്ഥയ്ക്ക് ഹാനികരം തുടങ്ങിയ വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു അന്ന് പ്രതിഷേധം ഉയർന്നത്. പദ്ധതി വീണ്ടുമെത്തുമ്പോഴും ആശങ്കകളില്‍ മാറ്റമില്ല
أحدث أقدم