തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. എട്ടു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. യെല്ലോ അലർട്ടാണ് ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലകളിൽ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ ഇടിമിന്നലോട് കൂടിയ മിതമായതോ ശക്തമായതോ (മണിക്കൂറിൽ 1 മുതൽ 3 സെ.മീ വരെ) ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.