പാലക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാദിഖലി തങ്ങളെക്കുറിച്ച് പറയാൻ പാടില്ലെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് നാട് അംഗീകരിക്കുമോ എന്ന് പിണറായി ചോദിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചത്. വിമർശിക്കുന്നവരെ എതിർക്കുന്നത് തീവ്രവാദികളുടെ ഭാഷയാണ്. ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടും ആ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും സിപിഎം എതിർക്കും. വർഗീയതയോട് ഒരു വിട്ട് വീഴ്ചയുമില്ല. മുൻപ് എപ്പോഴെങ്കിലും ലീഗ് ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടുണ്ടോ. സാദിഖലി തങ്ങൾ അല്ലേ അതിന് ഉത്തരവാദിയെന്ന് പിണറായി വിജയന്‍ ചോദിച്ചു. പാണക്കാട് തങ്ങളെ കുറിച്ച് പറയാൻ പാടില്ല പോലും. പാണക്കാട് കുറേ തങ്ങൾമാരുണ്ട്. ഞാൻ അവരെക്കുറിച്ചൊന്നും പറഞ്ഞില്ല. പറഞ്ഞത് മുസ്ലീം ലീഗിൻ്റെ പ്രസിഡൻ്റിനെക്കുറിച്ചാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചത്. സാദിഖലി തങ്ങളെക്കുറിച്ച് പറയാൻ പാടില്ലെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് നാട് അംഗീകരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.