'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന്‍ രാജിവെക്കേണ്ടെന്ന് സിപിഎം




തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ല. ധാര്‍മ്മികത മുന്‍നിര്‍ത്തി ഒരു തവണ രാജിവെച്ചതാണെന്നും സിപിഎം നേതൃത്വം വിലയിരുത്തി. കേസില്‍ നിയമപരമായി നേരിടാനാണ് സിപിഎം തീരുമാനം.   

കേസും തുടരന്വേഷണവും സംബന്ധിച്ച് നിയമോപദേശം തേടും. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. കേസില്‍ അന്വേഷണം നടക്കട്ടെ. അന്വേഷണം പൂര്‍ത്തിയായി അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രാജി വെക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. മുമ്പ് ഈ വിഷയത്തില്‍ പൊതു സമ്മര്‍ദ്ദം കണക്കിലെടുത്ത് ഒരു തവണ രാജിവെച്ചതാണ്. ഈ വിഷയത്തില്‍ വീണ്ടും രാജിവെക്കേണ്ടതില്ലെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ തന്റെ വാദം കൂടി കേള്‍ക്കേണ്ടതാണെന്ന സജി ചെറിയാന്റെ വാദം ശരിയാണെന്ന് തോന്നുന്നുവെന്ന് മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. പുനരന്വേഷണം വേണ്ട, സിബിഐ അന്വേഷണവും വേണ്ട. ഈ രണ്ട് ആവശ്യവും കോടതി തള്ളി. തുടരന്വേഷണമാകാമെന്നാണ് കോടതി ഉത്തരവിട്ടത്. തുടരന്വേഷണമാകുമ്പോള്‍ മന്ത്രിയായി ആള്‍ ഇരുന്നുകൊണ്ടു തന്നെ അന്വേഷണം നടത്താമെന്നതാണല്ലോ വിധിയുടെ വ്യാഖ്യാനമെന്ന് മന്ത്രി രാജീവ് പറഞ്ഞു.

സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അവരുടെ ഉത്തരവാദിത്തവും ജോലിയും അതാണല്ലോയെന്ന് മന്ത്രി രാജീവ് പറഞ്ഞു. നിയമപരമായ കാര്യമാണ് താന്‍ പറഞ്ഞത്. കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്, സംസ്ഥാനത്തെ പൊലീസ് സേനയില്‍ കോടതി വിശ്വാസം അര്‍പ്പിച്ചതിന് തെളിവാണ്. കേരളത്തിലെ പൊലീസ് സംവിധാനത്തിലുള്ള ജുഡീഷ്യറിയുടെ വിശ്വാസ്യതയാണ് അതില്‍ പ്രകടമാകുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. 'കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം' എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം. പ്രസംഗം വലിയ വിവാദമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
أحدث أقدم