സൈബർ തട്ടിപ്പ് ജാഗ്രത: വാട്‌സാപ്പിൽ വ്യാജ നോട്ടീസ്



ഗതാഗത നിയമ ലംഘനത്തിന് പിഴയൊയൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഒരിക്കലും അയക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തട്ടിപ്പാണെന്നും ഒരിക്കലും ഇത്തരം സന്ദേശങ്ങളോ പേയ്‌മെന്റ് ലിങ്കോ വാട്‌സാപ്പില്‍ അയക്കില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിയമലംഘനങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍നിന്ന് രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മാത്രമേ വരികയുള്ളൂ. വാഹനമ്പര്‍ സഹിതമായിരിക്കും ഇത്തരം അറിയിപ്പുകളെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ഗതാഗത നിയമം ലംഘിച്ചെന്നും ഇതിന് പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ വാട്‌സാപ്പ് വഴി വ്യാജസന്ദേശങ്ങള്‍ അയക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

എം.വി.ഡി.യുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:-

”അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക, ഇത്തരം ഒരു സന്ദേശമോ പേയ്‌മെന്റ് ലിങ്കോ നിങ്ങളുടെ വാട്‌സാപ്പില്‍ വരുകയില്ല.

ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും

മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണ്. മെസ്സേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മാത്രമേ വാഹനനമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു.

ഒരു പേയ്‌മെന്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ വാട്‌സാപ്പിലേക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways) ന് ഇല്ല.

ഇത്തരം മെസേജുകള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക. സ്‌ക്രീന്‍ഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക.സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട”.

أحدث أقدم