മല കയറുന്നതിനിടെ ഹൃദയാഘാതം, അഷ്ടാംഗ യോഗ ഗുരു ശരത് ജോയിസ് അന്തരിച്ചു




വാഷിങ്ടണ്‍: അഷ്ടാംഗ യോഗ ഗുരു ശരത് ജോയിസ് അന്തരിച്ചു. 53 വയസായിരുന്നു. യുഎസില്‍ വച്ച് മലകയറുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സഹോദരി ശര്‍മിള മഹേഷാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 

 ചാര്‍ലറ്റ്‌സ്‌വിലിലെ വെര്‍ജീനിയ സര്‍വകലാശാലയില്‍ തിങ്കളാഴ്ച അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു. തുടര്‍ന്ന് സര്‍വകലാശാലയിലെ 50 വിദ്യാര്‍ഥികള്‍ക്കൊപ്പം അദ്ദേഹം ഹൈക്കിങ്ങിന് പോയതായിരുന്നു. മലകയറുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടത്തെ ബെഞ്ചില്‍ ഇരുന്നെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. 

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സിപിആര്‍ നല്‍കി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ മരിക്കുകയായിരുന്നു. അഷ്ടാംഗ വിന്യാസ യോഗ വികസിപ്പിച്ചെടുത്ത പ്രമുഖ യോഗ ഗുരു കൃഷ്ണ പട്ടാഭി ജോയിസിന്റെ കൊച്ചുമകനാണ്. അദ്ദേഹത്തിന്റെ മരണശേഷം മൈസൂരുവിലെ അഷ്ടാംഗ യോഗ കേന്ദ്രം ശരത് ഏറ്റെടുക്കുകയായിരുന്നു. പോപ്പ് ഗായിക മഡോണ, ഹോളിവുഡ് നടി ഗിനത്ത് പാള്‍ട്രോ എന്നിവരടക്കമുള്ളവരെ യോഗ പഠിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് ശിഷ്യരുണ്ട്.
أحدث أقدم