സിനിമാറ്റിക് ഡാന്‍സ് നിരോധിക്കണമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി


കൊച്ചി: സിനിമാറ്റിക് ഡാന്‍സ് നിരോധിക്കണമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി. സിനിമാറ്റിക് ഡാന്‍സ് ഒപിയം പോലെ അല്ലെങ്കില്‍ കഞ്ചാവോ കള്ളോ പോലെ വൃത്തികെട്ട സാധനമാണ്. ഒരു തലമുറയെ തന്നെ ദുഷിപ്പിക്കുന്ന ഒന്നാണ് സിനിമാറ്റിക് ഡാന്‍സെന്നും സൂര്യ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.

മുഹമ്മദ് ബഷീര്‍ എന്നൊരു വിദ്യാഭ്യാസ മന്ത്രിയുണ്ടായിരുന്നു. അദേഹത്തോട് താന്‍ വിശദീകരിച്ചു കൊടുത്തതാണ്, സ്‌കൂളുകളില്‍ ഇത് നിരോധിക്കണമെന്ന്. അല്ലെങ്കില്‍ ന്യൂഡിറ്റി എന്നത് ഒരു കലയായി മാറുമെന്നും താന്‍ അദേഹത്തോട് പറഞ്ഞിരുന്നു. സ്ത്രീകളെ ആ രീതിയില്‍ വില്‍ക്കാനുള്ള ശ്രമമുണ്ടാകുമെന്ന് താന്‍ അന്നേ പറഞ്ഞിരുന്നുവെന്നും ഒരു മാധ്യമത്തോട് സംസാരിക്കവെ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. .

താന്‍ അവിടെയിരിക്കുമ്പോള്‍ തന്നെ അദേഹം സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിക്കണമെന്ന ഉത്തരവിറക്കി. ആ ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെങ്കിലും അത്തരം സംഭവങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്നും സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

പെണ്ണുങ്ങളുടെ നഗ്നതയെ വിറ്റ് കാശാക്കുന്നു. ഒരു പെണ്‍കുട്ടി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒഡീസിയൊക്കെ ചെയ്യുന്നുവെന്ന് വച്ചോളൂ, അവര്‍ സ്റ്റേജിലേക്ക് വരുമ്പോള്‍ നമ്മള്‍ അറിയാതെ കൈ കൂപ്പി പോകും, ദേവിയുടെ ഒരു രൂപം നമ്മുക്ക് കിട്ടുമെന്നും അദേഹം പറയുന്നു. മറ്റേ രീതിയില്‍ വരുമ്പോള്‍ തനിക്ക് വേറെ വികാരങ്ങളാണ് വരുന്നത്. അവര്‍ സ്റ്റേജില്‍ കയറുമ്പോള്‍ എനിക്ക് ദേവിയായി കാണാന്‍ പറ്റില്ല, വേറെയൊരു വികാരമാണ് മനസില്‍ വരുന്നത്. എന്റര്‍ടെയ്ന്‍മെന്റില്‍ സ്ത്രീകളുടെ നഗ്നത വില്‍ക്കരുത്. സിനിമാറ്റിക് ഡാന്‍സ് അതാണ്, താളമോ ശ്രുതിയോ ഒന്നുമില്ല. അവാര്‍ഡ് നൈറ്റുകള്‍ കണ്ടിട്ടില്ലേ. എല്ലാ ഡാന്‍സും ഒരു പോലെയായിരിക്കും. നമ്മള്‍ ഇത് പ്രോത്സാഹിപ്പിച്ചാല്‍ വരും തലമുറയെയും ബാധിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കൂടിയാട്ടം വച്ചാല്‍ ഒരു പത്ത് പേരില്‍ കൂടുതല്‍ വരില്ല. എന്ന് വച്ച് അതൊരു നല്ല കലയല്ല എന്ന് പറയാന്‍ പറ്റുമോ. ആള്‍ക്കാരുടെ എണ്ണം നോക്കിയിട്ടാണ് കലാ രൂപത്തിന്റെ മൂല്യമെങ്കില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അല്ലേ ഏറ്റവും വലിയ കല. വേദനിപ്പിക്കുന്നത് കൊണ്ടാണ് താനിത് പറയുന്നത്. സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളാണ്. ശരീരമല്ല ബുദ്ധിയാണ് ഒരു പെണ്ണിന്റെ ഏറ്റവും വലുതെന്ന് വിശ്വസിക്കുന്ന ഒരു കലാകാരനാണ് താന്‍.

ഞാനുമൊരു ആണാണ്. മറ്റൊരു സ്ത്രീയുടെ നഗ്നത എല്ലാവര്‍ക്കും ഇഷ്ടപ്പെടും. എന്നാല്‍ അത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ഇത് തെറ്റാണ് എന്നാണ് താന്‍ പറയുന്നത്. പെണ്ണുങ്ങള്‍ നഗ്നമായി ഡാന്‍സ് ചെയ്യുന്നതിന്റെ പുറകില്‍ പടയണിയും തെയ്യവും കൊണ്ട് വന്ന് നിര്‍ത്തുന്നു. അതിനെ നമ്മള്‍ ചോദ്യം ചെയ്യണ്ടേതാണെന്നും സൂര്യ കൃഷ്ണമൂര്‍ത്തി തുറന്നടിച്ചു.
أحدث أقدم