അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി. കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. ചൈനീസ് നിര്‍മിത ഹെയര്‍ ഡ്രൈയര്‍ ആണ് പൊട്ടിത്തെറിച്ചത്.
അയല്‍വാസിയായ ശശികലക്ക് കൊറിയര്‍ വഴിയെത്തിയതായിരുന്നു ഹെയര്‍ ഡ്രൈയര്‍. ശശികല സ്ഥലത്തില്ലാത്തതിനാല്‍ കൊറിയര്‍ കൈപ്പറ്റാന്‍ ബാസമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഡിടിഡിസി കൊറിയര്‍ വഴിയാണ് ഡ്രൈയര്‍ എത്തിയത്. ബാസമ്മയോടൊപ്പമുണ്ടായിരുന്ന അയല്‍വാസികളിലൊരാളാണ് ഹെയര്‍ ഡ്രൈയര്‍ പ്രവര്‍ത്തിപ്പിച്ചുനോക്കാന്‍ നിര്‍ദേശിച്ചത്. പ്ലഗില്‍ ഘടിപ്പിച്ച ഹെയര്‍ ഡ്രൈയര്‍ ഓണ്‍ ആക്കി സെക്കന്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ യുവതിയുടെ ഇരുകയ്യിലെയും വിരലുകള്‍ ചിന്നിച്ചിതറുകയായിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.