തന്റെ ട്രോളി ബാഗില്‍ ഒരു രൂപയുണ്ടെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനും രാഹുൽ വെല്ലുവിളിച്ചു.പൊലീസിന് എന്തുശാസ്ത്രീയ പരിശോധനയും നടത്താമെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നീല ട്രോളി ബാഗുമായി എത്തിയായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം.
ഒപ്പമുണ്ടാകുന്നവരാണ് സാധാരണ ബാഗ് പിടിക്കാറുള്ളതെന്ന് രാഹുല്‍ പറഞ്ഞു. ഹോട്ടലില്‍ പോകുമ്പോള്‍ പെട്ടിയല്ലാതെ പിന്നെ എന്താണ് കൊണ്ടുപോകുക. ഇന്നലെ രാത്രി കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരെ കാണാന്‍ പോകുന്നതിനായി നല്ല ഡ്രസ് ഉണ്ടോ എന്നുനോക്കാനായി ഇതേ ബാഗ് ഹോട്ടലിലെ ബോഡ് റൂമില്‍ വച്ചും തുറന്നിരുന്നു ആ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കട്ടെ. എന്നിട്ടും സംശയം മാറുന്നില്ലെങ്കില്‍ പൊലീസിന് ഈ പെട്ടി കൈമാറാം. ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കാം.
കെപിഎം ഹോട്ടലിന്റെ മുന്‍പിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. അതില്‍ നോക്കിയാല്‍ കാണാം താന്‍ എപ്പോഴാണ് വന്നതെന്നും പുറത്തുപോയതെന്നും. താന്‍ ഹോട്ടലിന്റെ പിന്‍ഭാഗത്തുകൂടി ഓടിപ്പോയെന്ന് തെളിയിച്ചാലും തന്റെ പ്രചാരണം ഇവിടെ വച്ച് അവസാനിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.