സീ പ്ലെയിനിന്റെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിന് നല്‍കി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഉമ്മന്‍ചാണ്ടിയെ ഓര്‍മ്മിപ്പിച്ച് കമന്റുകള്‍


കൊട്ടിഘോഷിച്ച് ഇന്ന് ഉദ്ഘാടനം ചെയ്ത സീ പ്ലെയിന്‍ പദ്ധതിയെ പുകഴ്ത്തിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സബുക്ക് പോസ്റ്റില്‍ വിമര്‍ശന കമന്റുകളുടെ പെരുമഴ. പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിന് നല്‍കിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. പദ്ധതിയിലൂടെ വിനോദസഞ്ചാര മേഖല വികസിക്കുമെന്നും പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പദ്ധതി കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ സുപ്രധാന ഏടാണെന്നും മുഖ്യമന്ത്രി കുറിച്ചു.


മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്‌റ്റിനു താഴെ വിമര്‍ശനങ്ങള്‍ നിറയുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന സിപ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതിനു പിന്നില്‍ സിപിഎം സമരങ്ങളായിരുന്നു. ഇതിനെ ഓര്‍മ്മിപ്പിച്ചാണ് കമന്റുകള്‍ നിറയുന്നത്. പാരമ്പരാഗത മത്സ്യ തൊഴിലാളികളും, കൊടിയും ഒക്കെ ഇപ്പോഴും അവിടെ ഉണ്ടോ എന്ന ചോദ്യമാണ് ഭൂരിഭാഗം പേരും ഉയര്‍ത്തുന്നത്.

ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ചുള്ള കമന്റുകളും ഏറെയാണ്. യുഡിഎഫ് വികസനത്തിന് എതിരല്ല അതുകൊണ്ട് ഇവിടെ സമരവുമില്ലെന്നും കമന്റില്‍ പറയുന്നുണ്ട്. മീനുകളുടെ തലയില്‍ വിമാനം ഇടിക്കും എന്നും പറഞ്ഞ് സമരം ചെയ്ത അന്തം കമ്മികളെ ഈ നിമിഷം സ്മരിക്കുന്നു എന്ന പരിഹാസവും കമന്റിലുണ്ട്.10 കൊല്ലം കഴിയണം സിപിഎം നേതാക്കള്‍ ഒന്ന് അപ്‌ഡേറ്റ് ആകാന്‍ എന്ന വിമര്‍ശനവുമുണ്ട്. സര്‍ക്കാരിനെ അഭിനന്ദിച്ചും കമന്റുകളുണ്ട്. മന്ത്രി റിയാസിനെ പ്രശംസിക്കുന്ന ചുരുക്കം ചിലരുമുണ്ട്.
أحدث أقدم