മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി….


തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. അതേസമയം, സമരം നിർത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി. വഖഫ് ആസ്തി വിവര പട്ടികയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജുഡീഷ്യൽ കമ്മിഷനോട് സഹകരിക്കുമെന്ന് ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രിയോട് അറിയിച്ച സമരക്കാർ, നേരിട്ട് ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഓൺലൈൻ യോഗത്തിൽ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയോ​ഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു. നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും.
أحدث أقدم