തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി; വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി…



വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൻറെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്.

നിങ്ങൾ ഓരോരുത്തരും എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാർലമെൻറിൽ വയനാടിൻറെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട്.

തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂറിലധിഖം പ്രചാരണത്തിൽ പങ്കാളികളായ യുഡിഎഫ് പ്രവർത്തകരോട് ഒരുപാട് നന്ദിയുണ്ട്. ധൈര്യവും സ്നേഹവും നൽകി കൂടെ നിന്ന അമ്മയ്ക്കും റോബർട്ടിനും മക്കൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരൻ രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിൻറെ പിന്തുണ തനിക്ക് കരുത്തുപകർന്നുവെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.

പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ കൽപ്പറ്റയിൽ ആഹ്ലാദ പ്രകടനവും നടന്നു. വിജയത്തിനുശേഷം മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ പ്രിയങ്ക ഗാന്ധി എത്തി. ദില്ലിയിലെ പ്രിയങ്കയുടെ വസതിക്ക് മുന്നിൽ മധുരം പങ്കിട്ടാണ് പ്രവർത്തകർ ആഹ്ലാദം പങ്കിട്ടത്.പ്രിയങ്ക വയനാട്ടിലേക്ക് പോകുന്നത് വൈകാതെ തീരുമാനിക്കുമെന്നും പ്രിയങ്ക പാർലമെൻറിൽ ഇന്ത്യ മുന്നണിയുടെ ശക്തമായ ശബ്ദമാകുമെന്നും രാഹുൽ വയനാടിനോടുള്ള സ്നേഹം തുടരും എന്നു വ്യക്തമാക്കിയെന്നും കെസി വേണുഗോപാൽ പറഞ്ഞു.

أحدث أقدم